ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സയൻസിൽ ഉപകാരപ്രദമാവുമെങ്കിലും സാഹിത്യത്തിൽ ഉപയോഗപ്പെടില്ലന്ന് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തി. കെ. എൽ. എഫ്-ന്റെ രണ്ടാം ദിവസം വേദി മൂന്ന് എഴുത്തോലയിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു സുധാമൂർത്തി. മനുഷ്യന്റെ വികാരത്തിൽ നിന്നും വരുന്ന അക്ഷരങ്ങൾക്ക് വെറും വാക്കുകളേക്കാൾ ബുദ്ധിവൈഭവവുമുണ്ട്. കുട്ടിക്കാലത്തെ വായനാശീലവും എഴുത്തുമാണ് തന്നെ കഥാകാരി ആക്കിയതെന്നും അതിൽ അമ്മയോടാണ് കടപ്പാടെന്നും സുധാ മൂർത്തി പറഞ്ഞു. വാക്കുകൾ കൈകാര്യം ചെയ്യുന്നതിൽ നോവലിനേക്കാൾ ഏറെ സമയം ബാലസാഹിത്യത്തിന് വേണ്ടിവരുന്നു. അതിനാൽ തന്നെ ഇത്തരം കഥകൾ പൂർത്തീകരിക്കാൻ ഏറെ സമയം ആവശ്യമായി വരുന്നുവെന്നും അവർ ചർച്ചയിൽ പറഞ്ഞു. വീണ്ടുമൊരു ബാല്യത്തിന് അവസരം ലഭിച്ചാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് കായിക ഇനങ്ങളും നൃത്തവും അഭ്യസിക്കും എന്നായിരുന്നു സുധാമൂർത്തിയുടെ ഉത്തരം. സദസ്സിൽ ഇരുന്ന ഉഷാ ഉതുപ്പ് ആലപിച്ച ഗാനത്തിന് സുധാമൂർത്തി ചുവടുവെച്ചു.