ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 2ൽ മൂന്നാം സെഷനിൽ `തിരിച്ചു വരുന്ന ഇതിഹാസങ്ങൾ` എന്ന വിഷയത്തിൽ കെ. പി. സുധീര, കെ. എസ്. വെങ്കിടാചലം, നാസർ കക്കട്ടിൽ എന്നിവർ സംസാരിച്ചു. ദൈവത്തിനപ്പുറം സാധാരണ മനുഷ്യനിലേക്ക് കൃഷ്ണനെ സന്നിവേശിപ്പിക്കുന്ന കൃതി മാത്രമല്ല പ്രണയ സമീര മറിച്ച് ഇതുവരെ പുരാണങ്ങൾ ചർച്ച ചെയ്യാൻ മറന്ന രാധയെ വെളിച്ചത്തു നിർത്തുന്ന രചനയാണെന്നും സർവ്വ ചരടുകളും പൊട്ടിച്ചെറിയുന്ന രാധാകൃഷ്ണ പ്രണയമാണ് താൻ പ്രണയ സമീരയിലൂടെ ആവിഷ്ക്കരിക്കുന്നതെന്നും കെ.പി. സുധീര പറഞ്ഞു. എന്തുകൊണ്ടാണ് ഇതിഹാസങ്ങൾ തിരിച്ചു വരുന്നതെന്ന നാസർ കക്കട്ടിലിന്റെ ചോദ്യത്തിന് ഇതിഹാസങ്ങൾ തിരിച്ചു വരികയല്ല, മറിച്ച് അവിടെത്തന്നെ നിലകൊള്ളുകയാണ് ചെയ്യുന്നതെന്ന് കെ.എസ്. വെങ്കിടാചലം മറുപടി പറഞ്ഞു. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണത ആവിഷ്ക്കരിക്കുന്നതിനാലാണ് ഇതിഹാസങ്ങളുടെ പ്രാധാന്യം ഒരു കാലത്തും ചോർന്നുപോകാത്തതെന്നും ആദ്ദേഹം പറഞ്ഞു. വി.എസ്. ഖണ്ഡേക്കർ, ഭാനുമതി നരസിംഹ, ആനന്ദ് നീലകണ്ഠൻ, ശിവജി സാവന്ത് ,ദേവദത്ത് പട്നായക് എന്നിവരുടെ കൃതികൾ എപ്രകാരമാണ് പുതുകാലത്തെക്കൂടി അടയാളപ്പെടുത്തുന്നതെന്ന് പറഞ്ഞു കൊണ്ട് ചർച്ച അവസാനിപ്പിച്ചു.